എന്നത്തേയും പോലെ വോളീബോളും ക്യാരംസുമായി കടന്ന് പോകുമായിരുന്ന ഒരു വെെകുന്നേരം ഞങ്ങള്‍ നാലോ അഞ്ചോ സുഹൃത്തുക്കള്‍ക്ക് തോന്നിയ ഒരു ആശയമായിരുന്നു ജാതി-മത-കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഏതൊരു കുമ്പളപ്പള്ളിക്കാരനും കുമ്പളപ്പള്ളിക്കാരിക്കും ഒന്നിച്ചിരിക്കാനും സംവദിക്കാനും ഒരു വേദി എന്നുള്ളത്. കലാ-സാംസ്കാരിക രംഗങ്ങളില്‍ ജില്ലയില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച ഭൂതകാലമുള്ള ഒരു നാടിനോട് പുതിയ ചിന്ത പങ്ക് വെച്ചപ്പോഴുണ്ടായ പ്രതികരണം അത്യധികം ആവേശകരമായിരുന്നെങ്കിലും ശൂന്യതയില്‍ നിന്നൊരു സംവിധാനം കെട്ടപ്പടുക്കുക എന്നത് ഏറെക്കുറെ ശ്രമകരമായിരിക്കുമെന്ന വെല്ലുവിളി ബാക്കി നിന്നു.
ദിവസങ്ങള്‍ നീണ്ടുനിന്ന ചിന്തകള്‍, ചര്‍ച്ചകള്‍, എല്ലാറ്റിനുമൊടുവില്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുന്ന സര്‍ഗ്ഗശേഷിയെ, കരിയോടടുക്കുന്ന സൗഹൃദത്തിന്റെ കനല്‍ക്കട്ടയെ ഊതിജ്വലിപ്പിക്കാന് തന്നെ തീരുമാനമായി. കുമ്പളപ്പള്ളിയുടെ സാംസ്കാരിക മണ്ഠലത്തില്‍ ജ്വലിച്ചുനില്‍ക്കാന്‍ പൊന്തിവന്ന സൗഹൃദക്കൂട്ടായ്മക്ക് ”ജ്വാല” എന്ന് പേര്. ഊഷ്മളമായ ഗ്രാമനെെര്മല്ല്യം ആംഗലേയത്തിന്റെ കാറ്റ് തട്ടി പോയ്പ്പോവാതിരിക്കാന് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന് പകരം ജ്വാല കലാകായിക വേദിയായി.
കക്ഷി രാഷ്ട്രീയ ചിന്തകള്‍ ഉള്ളവരും ഇല്ലാത്തവരും മത-ജാതി-ദെെവ വിശ്വാസങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും എല്ലാറ്റിനും മേലേ സ്നേഹവും സൗഹൃദവും കണ്ടപ്പോള്‍ നാടിനോടുള്ള കരുതലിന്റെ ആദ്യരൂപമായി. മറ്റൊന്നിനും ചെവികൊടുക്കാതെ നാലഞ്ച് സ്ത്രീജനങ്ങളും കൂടി മുന്നോട്ട് വന്നതോടെ ചുറ്റിലും കാണുന്ന സ്ഥിരം ‘ആണ് കൂട്ടായ്മ’യില്‍ നിന്നും വിഭിന്നമായി ജ്വാല ചെറിയ ഒരു ബഹുജന കൂട്ടായ്മ തന്നെയായി.
ജ്വലിച്ചു കത്തുന്ന പന്തത്തിനെ കലാപരമായി സമീപിച്ചപ്പോള്‍ കൂട്ടായ്മക്കൊരു മുദ്രയുമായി. ക്ഷണിക്കപ്പെട്ട പൗരപ്രമുഖരുടെ നിറഞ്ഞ സാന്നിദ്ധ്യത്തില്‍ ലോഗോ പ്രകാശനം ആയിരുന്നു ക്ലബ്ബിന്റെ ആദ്യ പൊതുപരിപാടി. പത്ത് ദിവസം കൊണ്ട് അര ലക്ഷത്തില്‍പ്പരം രൂപ ബഡ്ജറ്റ് ഇട്ട് ആദ്യവാര്‍ഷിക പരിപാടി നടത്തിയപ്പോള്‍ കരുതലും സ്നേഹവും സംഘാടനവും കൊണ്ട് നാട്ടുകാരും ക്ലബ്ബ് ഭാരവാഹികളും അന്യോന്യം ഞെട്ടിക്കുകയായിരുന്നു.
“അടുത്ത കൊല്ലം നമ്മുക്ക് കൂടുതല്‍ കുമ്പളപ്പള്ളിക്കാരുടെ പരിപാടികള്‍ വേണം”
അന്നുവരെ നാട്ടുകാരന് മാത്രമായിരുന്ന പലരും സ്വയം ക്ലബ്ബുകാരനാവുന്നത് സന്തോഷാശ്രുക്കളോടെയാണ് ഞങ്ങള്‍ പലരും കണ്ടത്. ജ്വാലയുടെ വാര്‍ഷിക പരിപാടി ”ജ്വാല ഫെസ്റ്റ്” കുമ്പപളപ്പള്ളിയുടെ സ്വന്തം പുതുവത്സരാഘോഷമാകുന്ന കാഴ്ച്ചയാണ് പിന്നീടിങ്ങോട്ട് കണ്ടത്.
സ്നേഹത്തിന്റെ സൗഹൃദത്തിന്റെ കരുതലിന്റെ കരുത്തുറ്റ കൂട്ടായ്മകള്‍.
മതവും ജാതിയും പറഞ്ഞ് വെറുപ്പിന്റെ വേദാന്തം വിളമ്പുന്നവരെ അധികാരികളായി കിട്ടിയ ഭാഗ്യം കെട്ട ഒരു ജനതയെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കാന്‍ രാജ്യത്തങ്ങോളമിങ്ങോളം ഉയര്‍ന്നു വരേണ്ടുന്നത് ഇത്തരം കൂട്ടായ്മകള്‍ ആണ്. മതത്തിനും വിശ്വാസത്തിനും അപ്പുറം സ്നേഹത്തിനും സൗഹൃദത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു തലമുറയെ രാജ്യത്തിന് സമ്മാനിക്കാന്‍ ഈ ചെറു തീ’ജ്വാല’കള്‍ക്ക് കഴിയും.
അഷ്ട്രീയം പ്രോത്സാഹിപ്പിച്ച് വായ മൂടി കെട്ടിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ലോകമുതലാളിത്തത്തിന്റെ ദേശരൂപങ്ങളോട് ഞങ്ങള്‍ക്ക് മറ്റൊന്നും പറയാനില്ല. ജ്വാല നാടിന്റെയാണ്, നാടിന്റെ രാഷ്ട്രീയം, അത് ജ്വാലക്കും ഉണ്ട്. പേര് നോക്കി പൊട്ടു നോക്കി പോരിനാഹ്വാനം ചെയ്യുന്നവരല്ല ഞങ്ങള്‍ കുമ്പളപ്പള്ളിക്കാര്, പൂരത്തിനും പെരുന്നാളിനും ഒന്നിച്ചുണ്ണുന്നവര്, നിലവിളക്ക് കത്തിക്കാന്‍ സുബഹിയും മഗിരിബും കാത്തുനില്ക്കുന്നവര്, ഞങ്ങള്‍ നമ്മളായിത്തന്നെ ജീവിച്ചോളാം. നമ്മളെ ഞങ്ങളും നിങ്ങളും ആക്കാന്‍ ആരും പട്ടികയുമായി പുറപ്പെടേണ്ട.
നാടിനെ നടുക്കിയ മഹാപ്രളയത്തില്‍ സര്‍വ്വവും നശിച്ച സഹജീവിയോടുള്ള സഹാനുഭൂതിയില്‍ സംഘടിപ്പിക്കാതിരുന്ന നാലാം വാര്‍ഷികത്തിനിപ്പുറം ജ്വാലാ കലാകായിക വേദി അതിന്റെ അഞ്ചാമത് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നേട്ടങ്ങളുടെ നീണ്ട പട്ടികയില്ലെങ്കിലും നീയും ഞാനും അല്ലാതെ നമ്മളായി നാടിന്റെ നന്മയാഘോഷിക്കാന് ഒരു പൊതുവേദി തുറന്ന് വെക്കാന്‍ കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.
വരും കാലങ്ങളില്‍ നാടിന്റെ കലാകായിക സാംസ്കാരിക മേഖലകളില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതല ജ്വാലക്കുണ്ട്, ആയതിലേക്ക് മുഴുവന്‍ പ്രീയപ്പെട്ടവരുടെയും സ്നേഹമസൃണമായ കരുതലും സ്നേഹവും നിസ്സീമമായി പ്രതീക്ഷിക്കുന്നു.
നാടിന്റെ സ്വന്തം കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി വിവിധ നൃത്തപരിപാടികളും നാടന്‍പാട്ടുകളും സാംസ്കാരിക സമ്മേളനവും അടക്കം ആണ് ജ്വാലഫെസ്റ്റ് 2019 ആസൂത്രണം ചെയ്തിരിക്കുന്നത്.
മുഴുവന്‍ ആളുകളെയും നിറഞ്ഞ സ്നേഹത്തോടെ ജ്വാലഫെസ്റ്റ് 2019ലേക്ക് സ്വാഗതം ചെയ്യുകയാണ്.
പുതുവത്സരാശംസകളോടെ
(ജ്വാല ഫെസ്റ്റ് 2019ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പുതുവർഷ സപ്പ്ളിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.)
Shareef
March 30, 2020 at 8:36 amകുറച്ചധികം നാടുകളും നാട്ടുകാരുമായി ഇടപഴകി ജീവിച്ചത് കൊണ്ടുള്ള അനുഭവത്തിൽ ഒരു കാര്യം വ്യക്തമായി പറയാൻ എനിക്ക് കഴിയും
“വികസനം വിദൂര സ്വപ്നമാണെങ്കിലും ബാക്കിയുള്ള നാടുകളെ അപേക്ഷിച്ച് ജാതിമത രാഷ്ട്രീയ മുതലെടുപ്പുകൾ ഇത് വരെ വലിയ ഒരു തോതിൽ കുമ്പളപ്പള്ളിയെ സ്വാധീനിച്ചിട്ടില്ല”
ഇനിയും ഈ നാട് ഇത് പോലെ മുമ്പോട്ടു പോകട്ടെ ! അതിനു ഈ കൂട്ടായ്മ ഒരു മുതൽക്കൂട്ടാവട്ടെ.