കാർത്ത്യാണിയമ്മ വാറ്റിയെടുത്തു കുപ്പീലാക്കിയ റാക്ക്* രണ്ട് കൊണ്ട* ഉള്ളിൽ ചെന്നപ്പോൾ മോന്തിയായതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി നേരം ഇരുന്ന് കുഞ്ഞിരാമൻ കുറെ നാടൻ പയമയൊക്കെ പറഞ്ഞു. ചിലതൊക്കെ പതിവായി പറയുന്ന കാര്യങ്ങൾ തന്നെയാണെങ്കിലും മൂപ്പരതു വീണ്ടും വെറുതേ പറയും.
കാരിച്ചിയമ്മക്ക് ആണെങ്കിൽ അത് ഇഷ്ടവും ആണ്, വയസ്സാൻ കാലത്ത് കാരിച്ചിയമ്മ ഏറ്റവും ആസ്വദിക്കുന്നത് കുഞ്ഞിരാമനുമൊത്തുള്ള ഈ പയമ ആണെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
പ്രായമേറെ ആയെങ്കിലും ഇപ്പോഴും ആ വീട്ടിൽ ഒരു സജീവ സാന്നിധ്യം തന്നെയാണ് കാരിച്ചിയമ്മ*. ഏത് പാതിരാത്രിയിൽ ആയാലും ആരെങ്കിലും വന്നാൽ കാരിച്ചിയമ്മ ഉടനെ ഒന്ന് മുളിയോ… ചുമച്ചോ സാന്നിധ്യമറിയിക്കും.
കുഞ്ഞിരാമൻ റാക്കിനൊപ്പം ഒരു വെറ്റിലയും ചുണ്ണാമ്പും രണ്ടു പൂള് അടക്കയും എടുത്തു ചവച്ചു; പുകയില പതിവില്ല. മൂപ്പർക്കീ വലിക്കുക, മുറുക്കുക ഒന്നും അത്ര കണ്ട് ഏശാറില്ല. റാക്ക് തന്നാണ് പഥ്യം.
പിന്നിപ്പോഴുള്ള ഈ ചവ ?,
അത് ചോദിച്ച പറയും
“ഒരു രസം അത്ര തന്നെ”
“എന്നാ ഞാൻ പോയിറ്റ് വരാ”
പത്തായം തന്നെ കട്ടിലാക്കി കിടക്കുന്ന കാരിച്ചിയമ്മ കേൾക്കെ ഉച്ചത്തിൽ പറഞ്ഞ്, കുഞ്ഞിരാമൻ ഇറങ്ങി.
“ലേശം വറ്റുംവെള്ളം കുടിച്ചിട്ട് പൂവാരുന്നൂലേ കുഞ്ഞിരാമാ ?”
ഉള്ളിൽ നിന്നും ഒരു അശിരീരി പൊലെ കാരിച്ചിയമ്മ പറഞ്ഞതൊന്നും കുഞ്ഞിരാമൻ കേട്ടില്ല തോന്നുന്നു മൂപ്പർ ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു. ലക്ഷ്മിയുടെ വീട് ആണ് അടുത്ത സങ്കേതം. ഏതാണ്ടെല്ലാ ദിവസവും ഇങ്ങനാണ് അവസാനിക്കാറ്, വളരെ അപൂർവ്വം ആയി മാത്രമേ കുഞ്ഞിരാമൻ വറ്റുംവെള്ളത്തിന് നിൽക്കാറുള്ളൂ.
കുഞ്ഞിരാമൻ അങ്ങനെയാണ്, ഭക്ഷണവും വെള്ളവും ഒക്കെ കൊടുക്കാൻ നാട് നീളെ ആളുണ്ടെങ്കിലും, അത് പതിവാക്കാറില്ല
കുഞ്ഞിരാമൻ, നാട്ടുകാർക്ക് വെറും കുഞ്ഞിരാമൻ അല്ല. അത്ഭുതം കുഞ്ഞിരാമൻ ആണ്. എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ കുഞ്ഞിരാമന്റെ രണ്ടും കണ്ണും മിഴിച്ചു തള്ളി പുറത്തേക്കു വരും. വിവരം എന്ത് തന്നെയായാലും അതിങ്ങനെ അത്ഭുതം കണക്കിന് പറയുന്നത് കൊണ്ട് ചീറ്റയിൽ രാഘവേട്ടൻ ഇട്ട പേരാണത്രെ അത്ഭുതം കുഞ്ഞിരാമൻ !
അത്ഭുതം കുഞ്ഞിരാമൻ പിന്നീട് ചിലർക്ക് അത്ഭുതകുഞ്ഞിരാമേട്ടനും മറ്റു ചിലർക്ക് വെറും അത്ഭുതവും ഒക്കെ ആയി മാറിയത് തികച്ചും സ്വാഭാവികമായിരുന്നു. അത്ഭുതം വന്നോ എന്ന് ചോദിച്ചാൽ പോലും മനസിൽ ആകുന്ന തരത്തിൽ ദേശത്തു പരന്ന് ഒഴുകി, കുഞ്ഞിരാമനൊപ്പം ഒപ്പം അത്ഭുതമെന്ന പേരും.
ലക്ഷ്മിയുടെ ഇറയത്തിരുന്നു ഒരു കൊണ്ട റാക്ക് കൂടി കുടിച്ചു ഒപ്പം ഒണക്ക മീൻ തേങ്ങയിട്ട് വറ്റിച്ചത് എടുത്തു നാവിൽ തേച്ചു; ചിറി ഒന്ന് തുടച്ചു.
“നിങ്ങോ വീതിന്* പോകുന്നില്ലേ കുഞ്ഞിരാമേട്ടാ ?”
ചോദ്യം ലക്ഷ്മിയുടെ ആണ്.
ദേശത്തു നടക്കുന്ന സംഭവ വിശേഷങ്ങൾ കുഞ്ഞിരാമൻ അറിയാതെ കടന്നുപോകണമെങ്കിൽ എങ്കിൽ സൂര്യൻ പടിഞ്ഞാറുദിക്കണം.
പേര് അന്വർത്ഥമാക്കുന്ന രീതിയിൽ കണ്ണുകൾ പുറത്തേക്ക് തള്ളി അത്ഭുതം കണക്കെ,
“ശരിയെന്നെട്ട്വാ, എങ്ങനെപ്പാ… ഞാൻ മറന്നത്”
കൈവിരലുകൾ ഒന്ന് എന്നാ രൂപത്തിൽ ആക്കി കുഞ്ഞിരാമൻ പറഞ്ഞു. രണ്ടാമത്തെ കൊണ്ട റാക്ക് വന്നതും കുടിച്ചതും ക്ഷണനേരത്തിൽ ആയിരുന്നു. തേങ്ങാപ്പീര എടുത്ത് വായിൽ ഇട്ടു കിശയിൽ നിന്നും കാശും എടുത്തു കൊടുത്തു കുഞ്ഞിരാമൻ ഇറങ്ങി.
ചിമ്മത്തോട് ആണ് വീത്, ഉമിച്ചിപ്പാറ കയറി വേണം ചിമ്മത്തോട് എത്താൻ. നോക്കെത്താ ദൂരത്തോളം വഴികളും കൈവഴികളും ആയി നീണ്ട് കിടക്കുന്ന ഉമിച്ചി പാറ. കുഞ്ഞിരാമന് പക്ഷെ ഇത് സ്വന്തം വീടുപോലെയാണ്. വഴികളും കൈവഴികളും ഊടുവഴികളും എല്ലാം ചിത്രത്തിലെന്ന പോലെ ഹൃദിസ്ഥം.
വീത് കറി ചെമ്പിൽ കിടന്നു തിളക്കുന്നു. പച്ചക്കായയും, ചക്കയും, കോഴിയും, ഒക്കെ കുട്ടി തരംപോലെ കുരുമുളക് പൊടിയും മസാലയും ചേർത്തു ഉണ്ടാകുന്ന വീത് കറി. ആലോചിക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന ടേസ്റ്റ് ആണ് വീത് കറിക്ക്. കോഴിയുടെ ചങ്കും കരളും മാത്രം എടുത്ത് ഈർക്കിലിൽ കോർത്തു കറിയിൽ ഇടും; വിഷ്ണു മൂർത്തിക്ക് നിവേദിക്കാൻ.
പള്ളയിൽ രണ്ട് കോണ്ട റാക്ക് തമ്മിൽ ഒരു യുദ്ധസമാനമായ കശപിശ കൂടുമ്പോൾ; തറയിൽ നിരത്തി വെച്ച ഇലയിൽ വീത്കറി വിളമ്പിയിരുന്നു.
കൈവിരൽ കൊണ്ട് കിട്ടിയ കൊടിയിലയിൽ എല്ലാം ഒന്നു അമർത്തി കോഴിയുടെ പൂള്* ഉണ്ടോ നോക്കി. കിട്ടിയ കോഴിയിറച്ചിയുടെ കഷ്ണം ചൂടോടെ എടുത്തു വായിലിട്ടു.
പിന്നവിടെ നിന്നില്ല ബാക്കി ഇലയോടെ മാടി* എടുത്തു തോർത്തുമുണ്ടിൽ കെട്ടി ചുമലിലൂടെ പുറകിലോട്ടിട്ട് കക്ഷത്തിൽ ഇറുക്കി പിടിച്ചു യശോദയുടെ വീട് ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു. ഉമിച്ചി പാറ, വെറ്റില ഞരമ്പ് പോലെ പിരിഞ്ഞു കിടക്കുന്ന വഴികളാണ്. പൊന്നടുക്കം ആലിൻകിഴിൽ മുത്തപ്പൻ കുടികൊള്ളുന്ന ആൽമരം തല ഉയർത്തി നിൽക്കുന്നുണ്ട്.
ഉമിച്ചിപ്പാറയുടെ ഒത്ത നടുക്കു വരെ എത്തിയതിന് നല്ല ഓർമ്മയുണ്ട്.
പൊടുന്നനെ, കണ്ണുകളിൽ ഇരുട്ടു കയറി, കുഞ്ഞിരാമന് വഴി തിരിയതായി.
ആരോ ഒരാൾ നയിക്കുന്നത് പൊലെ കുഞ്ഞിരാമൻ നടന്നു തുടങ്ങി. ചെറുപ്പം മുതൽ ഓടികളിച്ചുവളർന്ന പാറപ്പുറം, കണ്ണ് കെട്ടി വിട്ടാൽ പോലും ദിശ തെറ്റാതെ പാറ മുഴുവൻ നടന്ന് വരുന്നവൻ പക്ഷെ ഇവിടെ ചുറ്റി കറങ്ങി… ചുറ്റി കറങ്ങി… വീണ്ടും വീണ്ടും നിന്നിടത്ത് തന്നെ എത്തി നിൽക്കുന്നു.
രാത്രി കാലമായാൽ ഉഗ്രമൂർത്തികൾ കയ്യടക്കുന്ന ഉമിച്ചിപ്പാറ. കുളിയനും പൊട്ടനും കരിംചാമുണ്ഡിയും ഇനിയും കെട്ടി ആടിക്കാത്ത ഒത്തിരി ഒത്തിരി മൂർത്തികൾ അങ്ങനെ ഒരുപാടുണ്ട്. ആലിലയിൽ മഞ്ഞകുറിയും ആയവർ ഭക്തരെ തേടുന്നു.
കക്ഷത്തിൽ ഇറുക്കി പിടിച്ച വീത് കറി, സ്ഥല കലാബോധം നഷ്ടമായ കപ്പിത്താനെ പോലെ കുഞ്ഞിരാമൻ ചുറ്റിലും നോക്കി. പേടി തോന്നിതുടങ്ങിയ ആ നിമിഷത്തിൽ സ്വയം സുരക്ഷിതനാവാൻ എന്തെങ്കിലും ചെയ്തേ പാട്ടുവെന്നു വന്നു. നിന്നിടത്തു നിന്നും കറങ്ങി മൂത്രം ഒഴിച്ചു ചുറ്റിലും സുരക്ഷിത വലയം കണക്കിന് ഒരു വൃത്തം വരച്ചു, നിലത്തു ഇരുന്നു.
അപ്പോൾ പോന്നടുക്കത്തെ ആൽമരത്തിന്റെ കൊമ്പുകൾക്കു ഇടയിൽ കുടെ ആകാശത്തിന്റെ ചെറിയ വെളിച്ചം തന്നിലേക്ക് വരുന്നത് പൊലെ തോന്നി.
ഉള്ളിൽ ഭയം കുമിഞ്ഞു കൂടുന്നുണ്ടെങ്കിലും കൈ കാലുകൾ തളരുന്നുണ്ടെങ്കിലും വേഗത്തിൽ കാലുകൾ പറിച്ച് കുഞ്ഞിരാമൻ നടന്നു തുടങ്ങി…
ആ ആൽമരം ലക്ഷ്യമാക്കി…
############ തുടരും
############
പോതി =ഒരു യക്ഷി,
റാക്ക് – വാറ്റ് ചാരായം
കൊണ്ട – ഒരു അളവ്
മോന്തി – സന്ധ്യ
വറ്റുംവെള്ളം – ഭക്ഷണം
വെയിച്ചാൽ – കഴിക്കുക
മാടി – മടക്കുക
വീത് = വിഷ്ണു മൂർത്തി തെയ്യത്തിന് അർപ്പിക്കുന്ന ഒരു തരം നേർച്ച
ഷരീഫ്
July 14, 2021 at 9:09 amവാസുവേട്ടൻ ..
ഉള്ളിലിപ്പോളും ഒരു നീറ്റലാണ് ..
Swathi Gopi
July 27, 2021 at 6:59 pmNice