D.El.Ed കഴിഞ്ഞ് പരീക്ഷയും എഴുതി റിസൾട്ടും കാത്തിരിക്കുന്ന കാലം (നാട്ടുകാരിൽ പലർക്കും ഇപ്പോഴും ഇത് TTC തന്നെയാണ്‌ട്ടോ)… രാപകലെന്നില്ലാതെ മെനക്കെട്ട് K-TET ഉം എഴുതിയിട്ടുണ്ട്.
അമ്മയുടെ പ്രാക്ക് കേൾക്കുന്നുണ്ടെങ്കിലും അല്ലലില്ലാതെ ദിവസം രണ്ടക്ക മണിക്കൂറോളം ഉറങ്ങി ജീവിതം സ്വസ്ഥമായി പൊയ്ക്കൊണ്ടിരുന്നു…
അപ്പോഴാണ് ഒരു ദിവസം മുഖ്യമന്ത്രി ടിവിയിൽ വന്ന് പറയുന്നത് സ്ക്കൂൾ തുറക്കാന്‍ പോകുവാണ് എന്ന്. മോനാണെങ്കില്‍ ഒന്നരവര്‍ഷമായി സ്ക്കൂളില്‍ പോകാന്‍ കഴിയാതെ ഇരിക്കുന്ന കക്ഷിയാണ്.സ്ക്കൂള്‍ തുറക്കാന്‍ ഉത്തരവിട്ട മുഖ്യന്റെ കട്ടഫാനാണ് അവനിപ്പോള്‍.
എന്താണെന്നറിയില്ല ഇത്തവണ പതിവിലും നേരത്തേ K-TET result വന്നു.
YES! I am K-TET Qualified Now.
K-TET കിട്ടിയാ പിറ്റേന്ന് തന്നെ ജോലി എന്ന ധാരണയിലാണ് കുടുംബക്കാരില്‍ പലരും എന്ന് തോന്നുന്നു.
ആവോ, അവരുടെ വിചാരം ”എന്നെ രക്ഷിക്കട്ടെ”
പതിവിലും വെെകി അവസാന സെമസ്റ്റർ റിസൽറ്റും വന്നു. 83% മാര്‍ക്ക്, പോരെ പൂരം… ഞാന്‍ ഹാപ്പിയായി.
ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായാണ് ഞാൻ ആ വാര്‍ത്ത പത്രത്തില്‍ വായിക്കുന്നത്.
സ്ക്കൂളുകളില്‍ താത്ക്കാലിക നിയമനം!
ഞാനും കച്ചകെട്ടി ഇറങ്ങി; കേട്ടതും കണ്ടതുമായ പല സ്ക്കൂളുകളിലും ഒഴിവുണ്ട്.
”നമ്മള്‍ പ്രയത്നിച്ചാലല്ലേ നമ്മള്‍ക്ക് ജോലികിട്ടൂ ”
എന്ന അമ്മയുടെ ഉപദേശം കൂടിയായപ്പോള്‍ പൂര്‍ത്തിയായി.
പഴയതും പുതിയതുമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും വാരിക്കൂട്ടി ഒരു ബാഗിലാക്കി തലേന്നുതന്നെ അങ്കത്തിനു തയ്യാറായി.ഉള്ളില്‍ ഒരു അധ്യാപികയാകാനുള്ള അടങ്ങാത്ത ആഗ്രഹവും… അലാറം വെച്ചു പതിവിലും നേരത്തേ എഴുന്നേറ്റു, കുളിച്ച് കുറിതൊട്ട് ഇറങ്ങി.
പണ്ടെപ്പോഴോ കണ്ടുമറന്ന ഒരു സ്ക്കൂളാണ്.തലയില്‍ നൊസ്റ്റാള്‍ജിയയും ചുമലില്‍ ബാഗുമായി ഞാന്‍ ഡോറയെപ്പോലെ പ്രയാണം ആരംഭിച്ചു.പടികള്‍ കയറി സ്ക്കൂളിന്റെ മുറ്റത്തേക്കു നോക്കിയതേയുള്ളൂ…
ജനസമുദ്രം!
ആദ്യം കണ്ടത് കോളേജില്‍ എന്റെ മുമ്പിലെ ബെഞ്ചിലിരുന്ന പ്രീതി,പുറകിലെ ബെഞ്ചിലെ സൗമ്യ ജോസഫ്,അമിത,ശ്രുതി,സിന്ധു അങ്ങനെ പേരറിയുന്നതും ഓര്‍മ്മയുടെ കോലായില്‍ പൊടിപിടിച്ചതുമായ പലമുഖങ്ങള്‍.
ഇങ്ങനൊരു ഇന്റർവ്യൂ ആദ്യമായാണ്, എന്താകും എന്നൊന്നും വല്യ നിശ്ചയമില്ല. ഉള്ളിലൊരു വെപ്രാളം ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു.
വൈകുന്നേരത്തോടെ തന്നെ ഇന്റർവ്യൂ റിസൾട്ട് വന്നതായറിഞ്ഞു, പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല, ജനസമുദ്രത്തിലെവിടെയോ ഉണ്ടായ ആരൊക്കെയോ ടീച്ചറായിക്കാണണം.
അപ്പോഴും എന്റെ ഉള്ളിലെ മറ്റൊരു ഞാന്‍ എന്നോട് പറഞ്ഞു “തളരരുത് രാമന്‍കുട്ടി തളരരുത്”
ഇല്ല.. ഞാന്‍ തളരില്ല. രാവിലെ എഴുന്നേറ്റ് വായപോലും കഴുകാതെ പത്രങ്ങളായ പത്രങ്ങളിലെല്ലാം ഗവേഷണം നടത്തി പുതിയ ഇന്റര്‍വ്യൂ ഇടങ്ങള്‍ കണ്ടെത്തും.പതിവില്ലാത്ത ശിലങ്ങള്‍ കണ്ട വീട്ടുകാര്‍ ഞാനൊരു സൈക്കോ ആയോ എന്നുപോലും സംശയിച്ചു.
ചന്ദ്രിക സോപ്പിന്റെ പരസ്യം പോലെ പുതിയ ഇന്റര്‍വ്യൂ ഇടങ്ങള്‍ എനിക്ക് സജസ്റ്റ് ചെയ്തത് സൗമ്യയും ഞാന്‍ സജസ്റ്റ് ചെയ്തത് അര്‍ച്ചനയ്ക്കും ആയിരുന്നു…
പക്ഷേ ഒന്നും ലക്ഷ്യം കണ്ടില്ല.എന്നാലും ഞാന്‍ പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടേയിരുന്നു. പല സ്കൂള്‍ അധികൃതരും PSC ലിസ്റ്റിലുള്ളവര്‍ക്ക് കിരീടവും മുന്‍പരിചയമുള്ളവര്‍ക്ക് ചെങ്കോലും നല്‍കിക്കൊണ്ടുമിരുന്നു.
എന്നെപ്പോലുള്ള ഫ്രഷർ ശശികള്‍ കൂടിക്കൊണ്ടിരുന്നു.
കാലംതെറ്റിപെയ്യുന്ന മഴപോലെ ഏതെങ്കിലും സ്ക്കൂളുകള്‍ മാറിചിന്തിച്ചാലോ..? എന്നതാണ് ആകെയുള്ള പ്രതിക്ഷ.
ഓരോ ദിവസവും പത്രത്തില്‍ കാണുന്ന ഇന്റര്‍വ്യൂ ഇടങ്ങളുടെ ഭൂമിയിലെ സ്ഥാനം കണ്ടെത്തി അയല്‍പക്കത്തെ ഓട്ടോറിക്ഷ ചങ്ങായി രതീഷിന്റെ കിളിപാറി.
K-TET ന് ഉന്നതവിജയം കൈവരിച്ചതിന് കിട്ടിയ മൊമെന്റോ അലമാരയില്‍ നിന്നും എന്നെ അര്‍ത്ഥം വച്ച് നോക്കി.
പ്രവാസിയായ ജീവിതപങ്കാളി വിശേഷങ്ങള്‍ ചോദിക്കുന്നതിന് മുന്നേ ”എന്തായി ” എന്നു ചോദിച്ചു തുടങ്ങി.
ബസ്സ്റ്റോപ്പിനു പിന്നിലെ തുണിക്കടയില്‍ ഡിസ്പ്ലേയില്‍ ഇട്ട കോട്ടണ്‍സാരികള്‍ എന്നെ പ്രതിക്ഷയോടെ നോക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് ക്ഷീണിക്കാനും പോക്കറ്റ് കിതയ്ക്കാനും തുടങ്ങി.ജീവിതം ആകെ ശോകം..
ഒരു ഇന്റര്‍വ്യൂന് ബയോഡാറ്റ പൂരിപ്പിച്ചുകൊണ്ടിരുന്ന ഞാന്‍ അടുത്തിരുന്ന ചേച്ചിയെ നോക്കി.എന്റെ അമ്മയ്ക്ക് ആറോ ഏഴോ വയസിന് ഇളയതായിരിക്കും. അവരും തിരക്കിട്ട് ബയോഡാറ്റ പൂരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഞാന്‍ അവരുടെ ബയോഡാറ്റ യിലേക്ക് നോക്കി. Experience ഏകദേശം രണ്ടക്കവർഷത്തിലെത്താറായി.ഏതാനും ആഴ്ചകള്‍ മാത്രം പഴക്കമുള്ള എന്റെ experience certificate ഓടിയൊളിച്ചു.ഞാന്‍ ചൂളിപ്പോയി.എന്റെ ബയോഡാറ്റ എന്നെ നോക്കി ഇളിച്ചുകാണിച്ചു.
”Interviewmates” എന്നൊരു WhatsApp Group തുടങ്ങിയാലോ എന്നുപോലും ചിന്തിക്കാവുന്ന അവസ്ഥ.അത്രയും പേരെ പരിചയപ്പെട്ടുകഴിഞ്ഞു.ഓരോരുത്തരെയും വീണ്ടും വീണ്ടും കാണാന്‍ കഴിയുന്നതില്‍ സന്തോഷം.
ഈ അവസരത്തില്‍ പണ്ടൊരു മഹാന്റെ വചനം തിരുത്തുകയാണ്.
”നിങ്ങളെനിക്ക് ജോലി തരൂ…ഞാന്‍ നിങ്ങള്‍ക്ക് experienced ടീച്ചറെ തരാം….“
എന്നാലും അധ്യാപികയാകാനുള്ള ആഗ്രഹം കെട്ടുപോയതേയില്ല.മറ്റൊന്നിനും അല്ല,കുറച്ചു കുട്ടികള്‍ ”ടീച്ചറേ…” എന്നു വിളിക്കണം,truecaller -ല്‍ എന്റെ പേരിനൊപ്പം” ടീച്ചര്‍” എന്നു തെളിഞ്ഞുകാണണം.അത്രേ വേണ്ടൂ….
ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍….
പരീക്ഷ കഴിഞ്ഞ് പിറ്റേന്ന്
“ഇനിയെന്താ പരിപാടി ?”
എന്ന് പുച്ഛത്തോടെ ചോദിച്ച സമൂഹമേ….നിങ്ങളോടെനിക്ക് ഇപ്പോഴൊന്നും പറയാനില്ല…
പക്ഷെ, നിങ്ങൾക്കുള്ള ഉത്തരം കാലം തന്നുകൊള്ളും
അന്ന് നിങ്ങള്‍ തന്നെ പറയും…
“ഇത് അവന്റെ കാലമല്ലേ….കാര്‍ത്തികേയന്‍ മുതലാളീടെ കാലം…”
അപ്പോൾ ശരി, പറഞ്ഞു നിൽക്കാൻ നേരമില്ല, നാളെ ഒരു ഇന്റർവ്യൂ ഉണ്ട്… ഞാൻ സർട്ടിഫിക്കറ്റ് എല്ലാം ഒന്നെടുത്തു വെക്കട്ടെ…
ഷരീഫ്
December 7, 2021 at 8:04 amചിരിക്കണോ അതോ കരയണോ ? നാടൻ ശൈലിയുള്ള എഴുത്ത് വായനയ്ക്കൊരു ഉണർവ് നല്കുന്നുണ്ട്