ഒരു കാലഘട്ടത്തില്‍ അറിവിന്റെ സിരാകേന്ദ്രങ്ങളായിരുന്ന വായനശാലകള്‍ ഇന്ന് മെല്ലെ മെല്ലെ സമൂഹത്തില്‍ നിന്നും തന്നെ അപ്രത്യക്ഷമാകുന്ന കാഴ്ച്ചയാണ് നമ്മള്‍ക്ക് ഏവര്‍ക്കും കാണാന്‍ കഴിയുന്നത്. ഇതിനു നല്ലൊരു ഉദാഹരണമാണ് കുമ്പളപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ കോമന്‍ ഗുരുക്കള്‍ മെമ്മോറിയ ല്‍ വായനശാല.1970 കാലഘട്ടത്തില്‍ പരേതനായ കോമന്‍ ഗുരുക്കളുടെ ഇളയ മകന്‍ ജസ്റ്റിസ് കെ.എ നായര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച വായനശാല പ്രാരംഭഘട്ടത്തില്‍ യുവതലമുറയ്ക്ക് പ്രയോജന പ്പെടുമാറ് ഏറെക്കുറെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വന്നിരുന്നുവെങ്കിലും കാലഘട്ടത്തിന്റെ ചക്രവാളത്തി ല്‍ അതിന് രൂപാന്തരം സംഭവിക്കുകയും ക്രമേണ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ നിന്നും പാടേ അപ്രത്യക്ഷമാവുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്.
ഒരു കാലത്ത് പ്രശസ്ഥമതികളായ നിയമപണ്ഡിതരുടെയും നിയമസ്ഥരുടെയും അളവുകോല്‍ എന്ന് വിശേഷിക്കപ്പെട്ടിരുന്നത് അവരുടെ ഓഫീസ് മുറികളിലെ നിയമപുസ്തകങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്നത് കേവലം ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പിലേക്ക് മാറിയിരിക്കുന്നു. പണ്ടുകാലത്ത് ഓഫീസുകളില്‍ ഉള്‍ക്കൊണ്ടിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സൈറ്റേഷനുകളും വിധിപ്പകര്‍പ്പുകളും ഒരു വിരല്‍ത്തുമ്പില്‍ കിട്ടുന്നുവെന്നുള്ളത് കൊണ്ട് നിയമപരിജ്ഞാനം കേവലം മസ്തിഷ്‌കത്തില്‍ ഓര്‍ത്തുവെക്കുന്നതിനു പകരം എപ്പോള്‍ വേണമെങ്കിലും ലഭിക്കാവുന്ന തരത്തില്‍ ഇന്ന് കംപ്യൂട്ടറിലോ മൊബൈല്‍ഫോണിലോ ലഭ്യമാണ്. അതുകൊണ്ടു തന്നെ പ്രഗത്ഭരായ വക്കീലന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കും ഈ കാലത്തു വിവരശേഖരണത്തിനായി പുസ്തകങ്ങളെ തന്നെ ആശ്രയിക്കേണ്ടതില്ല .ഇത് കാലഘട്ടം കൊണ്ട് വന്ന മാറ്റ ങ്ങളുടെ പരിണിത ഫലമാണ്.ഈ ഒരു പ്രക്രീയ ആര്‍ക്കും മാറ്റിവെക്കാനോ ഒഴിവായി നില്ക്കാനോ കഴിയുന്ന ഒന്നല്ല.വായനശാലകള്‍ എല്ലാക്കാലത്തും സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് വിശിഷ്യാ വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് എന്നുമെന്നും ഒരു മാര്‍ഗദീപമായിരുന്നു. കുഞ്ഞുണ്ണിമാഷിന്റെ പ്രശസ്ഥമായ വരികള്‍ ഞാനിവിടെ ഓര്‍ത്തെടുക്കുകയാണ്
”വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചിലെങ്കില്‍ വളയും”
പണ്ട് കാലഘട്ടത്തില്‍ ഇത് ഏറെ പ്രശസ്ഥവും കാലഘട്ടത്തിനനുസൃതവുമായിരുന്നു.വീടുകളില്‍ വായനാശീലം വളര്‍ത്തിക്കൊണ്ടുവരാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ വഴിതെറ്റിപോകുമ്പോള്‍ ഏറെ ശപിക്കുന്നത് അവരുടെ അദ്ധ്യാപകരെയാണ്. ഇതിനു നമ്മള്‍ ഓര്‍ത്തെടുക്കേണ്ടുന്ന ഒരു സംഗതി എന്തെന്നാല്‍ എല്ലാ കുട്ടികളും സ്‌കൂളുകളില്‍ അധ്യാപകരോടൊപ്പം ചിലവഴിക്കുന്നത് 10 മണി മുതല്‍ 4 മണി വരെ കേവലം 6 മണിക്കൂര്‍ മാത്രമാണ്. ഒരു ദിവസത്തില്‍ ബാക്കി വരുന്ന 18 മണിക്കൂര്‍ കുട്ടികള്‍ ചിലവിടുന്നത് സ്വന്തം വീടുകളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ആണ്. ഇവിടെയാണ് കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്തം പ്രസക്തമാവുന്നത്.വായനശാലകള്‍ സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്നിരുന്ന കാലത്ത് കുട്ടികള്‍ എത്ര സമയം വായനശാലകളില്‍ ചിലവഴിച്ചിരുന്നോ അത്രയും അധികം അറിവ് നേടാന്‍ അവര്‍ക്കു സാധി ച്ചിരുന്നു എന്നുള്ളത് തര്‍ക്കമറ്റ വിഷയമാണ്.
ലോകം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് വഴിമാറികൊടുത്ത ഒരു കാലഘട്ടത്തില്‍ വായനശാലകളും അതിനനുസരിച്ചു രൂപാന്തരം പ്രാപിക്കേണ്ടതുണ്ട്. മുന്‍പ് എഴുതാനും വായിക്കാനും അറിയാത്തവരെ മാത്രമാണ് നിരക്ഷരര്‍ എന്ന് വിളിച്ചിരുന്നതെങ്കില്‍ ഇന്ന് കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്ത മുഴുവന്‍ ആളുകളും നിരക്ഷരരാണ്. അത് കൊണ്ട് തന്നെ കേവലം എഴുതാനും വായിക്കാനും അറിയുന്നതുകൊണ്ട് മാത്രം ഇന്നത്തെ കാലത്ത് ജീവിച്ച് വിജയിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ കാലഘട്ടത്തിനനുസൃതമായി വരുംതലമുറയ്ക്ക് അറിവ് പകര്‍ന്നു നല്‍കണമെങ്കില്‍ കുമ്പളപ്പള്ളിയില്‍ ജ്വാല കലാകായിക വേദിയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന വായനശാലയ്ക്കും കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കൂടിയേതീരൂ.വായനാശീലവും വായനശാല എന്നുള്ള സങ്കല്‍പവും ഏറെ പ്രസക്തവും സൗഹാര്‍ദ്ദവുമാണെ ങ്കില്‍ പോലും വായനക്കാര്‍ പ്രത്യേകിച്ച് കുട്ടികള്‍ അതിനനുസരിച്ചു ഡിജിറ്റല്‍ ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണം.
ഒരു വര്‍ഷം മുമ്പ് വരെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാത്ത കുട്ടികളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നാം മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സായാലും ഓഫ് ലൈൻ ക്ലാസ്സായാലും ഇതുരണ്ടും കൂടി ചേരുന്ന സന്ദര്‍ഭത്തില്‍ നിരക്ഷരരായ രക്ഷിതാക്കള്‍ക്ക് പോലും തങ്ങളുടെ അറിവില്ലായ്മയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ വായനാശീലത്തിന് കഴി യുമെന്ന് ഓരോ രക്ഷിതാവും ഓര്‍ത്തിരിക്കണം.
സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും അതിപ്രസരം ഏതു രീതിയില്‍ വായനശാലകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും കുട്ടികളില്‍ വായനാശീലം വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുക. പൂര്‍വ്വികര്‍ എന്ത് മുന്നില്‍ കണ്ടാണോ കുമ്പളപ്പ ള്ളിയില്‍ കോമന്‍ ഗുരുക്കള്‍ വായനശാല ആരംഭിച്ചത് അത് കാലത്തിനനുസൃതമായ മാറ്റങ്ങളോട് കൂടി മുന്‍ പോട്ടു കൊണ്ടുപോകാന്‍ കുമ്പളപ്പള്ളി വായനശാല & ഗ്രന്ഥാലയത്തിന് കഴിയുമാറാകട്ടെ എന്ന് ആശംസി ക്കുന്നതോടൊപ്പം ‘കുമ്പളപ്പള്ളി വായനശാല & ഗ്ര ന്ഥാലയം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതി യ വായനശാലയ്ക്ക് നാടിന്റെ വിവരസിരാകേന്ദ്രമായി മാറാനും വരുംതലമുറയുടെ മാര്‍ഗ്ഗദീപമായി മാറാനും കഴിയുമെന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.
(ജ്വാല ഫെസ്റ്റ് 2021ന്റെ ഭാഗമായി പുറത്തിറക്കിയ പുതുവർഷ സപ്പ്ളിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.)