ലോകത്തെയാകെ കിടുകിടാ വിറപ്പിച്ച കോവിഡ് മഹാമാരിക്കാലം നാം ഇന്നോളം കണ്ടതിലും വെച്ചേറ്റവും വലിയ ദുരിതകാലമായിരുന്നു. പഴുതടച്ച പ്രതിരോധം തീര്‍ത്തുകൊണ്ട് കേരളം രാജ്യത്തെ തന്നെ ഏറ്റവും കുറ്റമറ്റ പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിച്ച സംസ്ഥാനമായി മാറി. കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഒരു വിഭാഗം ആയിരുന്നു ആശാവര്‍ക്കര്‍മാര്‍. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിശബ്ദരായ പോരാളികളാണ് ആശാവര്‍ക്കര്‍മാര്‍. സാധാരണയായി ചെയ്തു വന്നിരുന്ന ചുമതലകള്‍ കുടുംബ സര്‍വേ നടത്തല്‍, വാര്‍ഡിലെ മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കല്‍. ഗര്‍ഭിണികളുടെ കണക്കെടുപ്പും അവര്‍ക്കു സേവനങ്ങളെത്തിക്കലും. കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവയ്പ്. കിടപ്പുരോഗികള്‍, പാലിയേറ്റീവ്, വയോധികര്‍ എന്നിവരുടെ പരിചരണം. ജീവിതശൈലിരോഗത്തിന്റെ കണക്കെടുപ്പ് നടത്തല്‍. പകര്‍ച്ചവ്യാധി നിയന്ത്രണം, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കല്‍. ആരോഗ്യ റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയവ യൊക്കെ ആയിരുന്നുവെങ്കില്‍ കോവിഡ് കാലത്തത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കല്‍ കൂടിയായി.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ ആ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറണം. അവര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്നു ഭക്ഷണവും ഭക്ഷ്യ കിറ്റുകളുമെത്തിക്കണം. ആവശ്യമുള്ളവര്‍ക്കു മരുന്നുകള്‍ ലഭ്യമാക്കണം. മാനസിക സമ്മര്‍ദ്ദമുള്ളവര്‍ക്കു കൗണ്‍സിലിങ് ലഭ്യമാക്കണം. അങ്ങനെ കോവിഡ് പ്രതിരോധത്തി ല്‍ താഴെത്തട്ടിലെ അധികമാരും ശ്രദ്ധിക്കാത്ത എന്നാല്‍ പിടിപ്പതു പണിയുള്ള പോരാളികളാണ് ആശാവര്‍ക്കര്‍മാര്‍. ആശാ വര്‍ക്കര്‍മാര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളും ഒരുപാടുണ്ട്. നിരീക്ഷണത്തിലുള്ളവരടക്കം, വാക്സിന് എടു ക്കേണ്ടുന്നവരടക്കം അങ്ങനെ എന്തിനും ഏതിനും ആര്‍ക്കും ബന്ധപ്പെടാന്‍ പാകത്തില്‍ മറ്റു ജനപ്രതിനിധികളടക്കമുള്ളവരോടൊപ്പം തന്നെ ആശാവര് ക്കര്‍മാര്‍ സജീവമാകുന്നത് ഈ കോവിഡ് കാലത്ത് നാം കണ്ടു.
ഈ ഒരു ദുരിത കാലത്ത് നമ്മുടെ കുമ്പളപ്പള്ളി വാര്‍ഡിനകത്ത് ആശാവര്‍ക്കര്‍ എന്ന നിലയില്‍ ഒരു പാടുപ്രവര്ത്തനങ്ങളുടെ ഭാഗമാവാന്‍ സാധിച്ചിട്ടുണ്ട്. വാര്‍ഡിലെ വാക്സിനേഷന് ഏതാണ്ട് 90%ലധികം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും, കുറെയധികം ആളുകള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചതും, പാലിയേറ്റിവ് രോഗികള്‍ക്കടക്കം സ്വാന്ത്വനം നല്കാന് സാധിച്ചതും എല്ലാം ചാരിതാര്‍ഥ്യത്തോടെ സ്മരിക്കുന്നു.
(ജ്വാല ഫെസ്റ്റ് 2021ന്റെ ഭാഗമായി പുറത്തിറക്കിയ പുതുവർഷ സപ്പ്ളിമെന്റിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.)